3 പേര്‍ ഐ.എ.എസ്.. ഒരാൾ ഐ.പി.എസ്… ഇതാണ് ആ സിവിൽ സർവ്വീസ് കുടുംബം….

ഒരു വീട്ടിലെ മക്കളിലൊരാൾ സിവിൽ സർവ്വീസ് നേടുക എന്നത് ആ കുടുംബത്തെ സംബന്ധിച്ച് വലിയ സന്തോഷമാണ്. എന്നാൽ ഒരു കുടുംബത്തിലെ നാലു മക്കളും സിവിൽ സർവ്വീസ് നേടി, ഐഎഎസ് ഉദ്യോ​ഗസ്ഥരും ഐപിഎസ് ഉദ്യോ​ഗസ്ഥരുമായാലോ? എന്നാൽ അങ്ങനെയൊരു സിവിൽ സർവ്വീസ് കുടുംബമുണ്ട്.

ഉത്തർപ്രദേശിലെ ലാൽ​ഗഞ്ച് ജില്ലയിൽ അനിൽ പ്രകാശ് മിശ്രയെന്ന ബാങ്ക് മാനേജറുടെ നാലുമക്കളിൽ മൂന്ന് പേർ ഐഎഎസ് ഉദ്യോ​ഗസ്ഥരും ഒരാൾ ഐപിഎസ് ഉദ്യോ​ഗസ്ഥയുമാണ്. യോ​ഗേഷ് മിശ്രയാണ് ഏറ്റവും മൂത്തയാൾ. ലാൽ​ഗഞ്ചിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിം​ഗ് പൂർത്തിയാക്കി. മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചത്. നോയിഡയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സിവിൽ സർവ്വീസ് സ്വപ്നത്തിന് വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ 2013 ൽ യുപിഎസ്‍സി പരീക്ഷ പാസ്സായി ഐഎഎസ് നേടി. യോ​ഗേഷിന്റെ സഹോദരി ക്ഷമ മിശ്രയാണ് ഈ കുടുംബത്തിലെ ഐപിഎസ് ഉദ്യോ​ഗസ്ഥ. ആദ്യത്തെ മൂന്നു തവണ യുപിഎസ്‍സി നേടിയെടുക്കാൻ ക്ഷമക്ക് സാധിച്ചില്ല. എന്നാൽ നിരാശയാകാതെയുള്ള കഠിനാധ്വാനത്തിനൊടുവിൽ ക്ഷമ ഐപിഎസ് കരസ്ഥമാക്കി.

ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫീസറായി നിയമിതയായ മാധുരി മിശ്രയാണ് മൂന്നാമത്തേയാൾ. ലാൽഗഞ്ചിൽ നിന്ന് ബിരുദം പൂർത്തിയാക്കി. മാസ്റ്റേഴ്‌സ് ബിരുദം നേടിയത് അലഹബാദിൽ നിന്നാണ്. അതിന് ശേഷം 2014-ലാണ് യുപിഎസ്‍സി പരീക്ഷയിൽ വിജയം നേടുന്നത്. മൂന്ന് സഹോദരങ്ങളുടെ പാത പിന്തുടരാൻ തന്നെയായിരുന്നു ഏറ്റവും ഇളയ മകനായ ലോകേഷ് മിശ്രയുടെയും തീരുമാനം. 2015-ലെ യുപിഎസ്‍സി പരീക്ഷയിൽ 44ാം റാങ്കോടെയായിരുന്നു ലോകേഷിന്റെ സിവിൽ സർവ്വീസ് നേട്ടം. ബീഹാർ കേഡറിലാണ് ലോകേഷ് ഇപ്പോൾ ഐഎഎസ് ഉദ്യോ​ഗസ്ഥനായി ജോലി ചെയ്യുന്നത്.

വളരെ പ്രതിസന്ധികളുണ്ടായിരുന്ന ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഈ സഹോദരങ്ങൾ ഇത്രയും തിളക്കമേറിയ വിജയം കൈപ്പിടിയിലൊതുക്കിയത്. ഇവരുടെ അച്ഛൻ അനിൽപ്രകാശ് മിശ്ര ​ഗ്രാമീൺ ബാങ്ക് മാനേജരായിരുന്നു. ”​എന്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും ഞാൻ തയ്യാറായിരുന്നില്ല. പഠനത്തിൽ ശ്രദ്ധിച്ച് അവർ മികച്ച ജോലി നേടണമെന്ന് ഞാൻ ആ​ഗ്രഹിച്ചു.” അനിൽ പ്രകാശ് മിശ്ര പറഞ്ഞു. ”കൂടുതൽ എന്താണ് പറയാനുള്ളത്? എന്റെ മക്കൾ കാരണമാണ് എനിക്ക് അഭിമാനത്തോടെ നിൽക്കാൻ സാധിക്കുന്നത്.” അനിൽ പ്രകാശ് മിശ്ര എന്ന അച്ഛൻ അഭിമാനത്തോടെ പറയുന്നു.

Related Articles

Back to top button