26കാരൻ ഉറങ്ങാൻ കിടന്നു… പിന്നീട് എണീറ്റത് എട്ടുദിവസത്തിന് ശേഷം…കാരണം….
തുടർച്ചയായി എട്ട് ദിവസം കിടന്നുറങ്ങി 26കാരൻ. അസാധാരണമായ ഉറക്കത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുദിവസത്തെ ഉറക്കത്തിനിടയിൽ ഇയാൾ കുറച്ച് തവണമാത്രം ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യത്തിനും മാത്രമാണ് എഴുന്നേറ്റത്. അതും അർധബോധാവസ്ഥയിൽ. യുവാവിന് ക്ലെയിൻ-ലെവിൻ സിൻഡ്രോം (കെഎൽഎസ്) ആണെന്ന് പരിശോധനയിൽ കണ്ടെത്തി. സങ്കീർണ്ണമായ രോഗാവസ്ഥയാണ് കെഎൽഎസ്. രോഗത്തിന്റെ കൃത്യമായ കാരണം പൂർണമായി മെഡിക്കൽ സയൻസിന് മനസ്സിലായിട്ടില്ലെന്ന് വോക്ഹാർഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറഞ്ഞു.
അപൂർവമായാണ് ഈ രോഗമുണ്ടാകുകയെന്നും അവർ വ്യക്തമാക്കി. യുവാവിന്റെ അസാധാരണ ഉറക്കം ശ്രദ്ധയിൽപ്പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെയുമാണ് സമീപിച്ചത്. ഉറക്കം തുടർന്നതോടെയാണ് ആശുപത്രിയിലെത്തിയത്. കരിയറിൽ മൂന്നാമത്തെ കേസാണ് കൈകാര്യം ചെയ്യുന്നതെന്നും പത്ത് വർഷത്തിന് മുമ്പാണ് രണ്ട് കേസുകൾ ഉണ്ടായതെന്നും ഡോക്ടർ പറഞ്ഞു. ഈ രോഗത്തിന് വ്യക്തമായ കാരണങ്ങളൊന്നുമില്ല. വൈറൽ അണുബാധ പോലുള്ള കാരണമുണ്ടാകാം. മുംബൈയിലാണ് സംഭവം.
കെഎൽഎസ് കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളൊന്നുമില്ല. സാധാരണയായി 12 നും 25 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും ഈ അസുഖം കൂടുതലായി കാണപ്പെടുമെന്നും ന്യൂറോളജിസ്റ്റ് ഡോ രാഹുൽ ചാക്കോർ പറഞ്ഞു. ‘കുംഭകർണ്ണ സിൻഡ്രോം’ എന്നും ഈ രോഗത്തെ ഡോക്ടർമാർ വിളിക്കാറുണ്ട്.