വനിതാ ദിനത്തിലെ പ്രത്യേക പ്ലേസ്‌മെന്റ് ഡ്രൈവ്; തൊഴിൽ ലഭിച്ചത് 250 വിദ്യാർത്ഥിനികൾക്ക്…
കേരള നോളെജ് ഇക്കോണമി മിഷൻ ഇക്കഴിഞ്ഞ വനിതാദിനത്തിൽ കോളേജ് വിദ്യാർത്ഥിനികൾക്കായി നടത്തിയ പ്രത്യേക പ്ലേസ്‌മെന്റ് ഡ്രൈവിൽ 250 പേർക്ക് ജോലി ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ ടാറ്റാ ഇലക്ട്രോണിക്‌സ്, ഗെയിൻ അപ് ഇൻഡസ്ട്രീസ്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിലാണ് നിമയനം. കോളേജുകളിലെ അവസാനവർഷ വിദ്യാർഥിനികളാണ് ഓൺലൈനായി നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തത്. ഇതിൽ ടാറ്റാ ഇലക്ട്രോണിക്‌സിൽ 82 പേരും ഗയിൻ അപ് ഇൻഡസ്ട്രീസിൽ 57 പേരും അപ്പോളോ ടയേഴ്സിൽ 111 പേരുമാണ് ജോലി കരസ്ഥമാക്കിയത്.
നിയമനം ലഭിച്ച വിദ്യാർത്ഥിനികൾ ബെംഗളൂരു, ചെന്നൈ, ദിണ്ടിഗൽ എന്നീ നഗരങ്ങളിലെ യൂണിറ്റുകളിലായിരിക്കും ജോലിയിൽ പ്രവേശിക്കുക. പ്രൊഡക്ഷൻ അസംബിൾ ആൻഡ് ക്വാളിറ്റി, ജൂനിയർ എഞ്ചിനീയർ, അസംബ്ലിങ്ങ് ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. സ്ത്രീകളെ വിജ്ഞാന തൊഴിലിലേക്ക് എത്തിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടത്തിവരുന്ന തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് വനിതാ ദിനത്തിൽ വിദ്യാർത്ഥിനികൾക്കായി പ്രത്യേക പ്ലെയ്‌സ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസിന്റെ (CII) സഹകരണത്തോടെയായിരുന്നു പരിപാടി.