24 മണിക്കൂർ കഴിഞ്ഞു, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ?…. സംവാദത്തിന് തയ്യാറെന്ന് ആവർത്തിച്ച് വി.ഡി. സതീശൻ

കേരളത്തിൽ വികസന സംവാദത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നടത്തിയ സംവാദ ക്ഷണം സ്വീകരിച്ച പ്രതിപക്ഷ നേതാവ്, നേരിട്ടുള്ള സംവാദത്തിന് താൻ തയ്യാറാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി. മുഖ്യമന്ത്രി തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും എത്താൻ താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ‘റിപ്പോർട്ട് കാർഡ്’ പങ്കുവെച്ചുകൊണ്ടാണ് വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ചത്. നിയമസഭയിൽ സംവാദങ്ങളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പരിഹസിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഉടൻ തന്നെ വി.ഡി. സതീശൻ ഏറ്റെടുത്തു. “സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം” എന്ന് സതീശൻ കുറിച്ചു.എന്നാൽ, ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. നേരിട്ടുള്ള സംവാദത്തിനല്ല, മറിച്ച് ഫേസ്ബുക്കിലെ വികസന സംവാദത്തിനാണ് താൻ ഉദ്ദേശിച്ചതെന്നും അത് തുടരട്ടെയെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

Related Articles

Back to top button