ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും.. ഇറാനില്‍ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു… 224 മരണം…

ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നു.കഴിഞ്ഞ മൂന്നുദിവസമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 224 പേർ എന്ന് റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.

. ജൂണ്‍ 13 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ ദിവസം മധ്യ-വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇറാന്‍ ഇസ്രയേലില്‍ ഇതുവരെ 270-ലധികം മിസൈലുകള്‍ പ്രയോഗിച്ചു. ഷഹ്‌റാനിലെ എണ്ണ സംഭരണശാല കത്തി.

ഇസ്രയേലില്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുളള ഹൈഫ തുറമുഖത്തിനു നേരെയും ഇറാന്റെ മിസൈലാക്രമണം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. തുറമുഖത്തിന്റെ കെമിക്കല്‍ ടെര്‍മിനലില്‍ മിസൈലിന്റെ ചീളുകള്‍ പതിച്ചെങ്കിലും തുറമുഖം സുരക്ഷിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കങ്ങള്‍ സുഖമമായി നടക്കുന്നുണ്ടെന്നും തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button