റോഡരികിലെ ബൈക്കുകളിൽ കണ്ണ് വെക്കും… നൈസിന് പൊക്കും… ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം…

നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിലായി പൊതുനിരത്തിലടക്കം പാർക്ക് ചെയ്തിരിക്കുന്ന മോട്ടോർ സൈക്കിളുകൾ സ്ഥിരമായി മോഷ്ടിക്കുന്ന ചെങ്കൽ മരിയാപുരം മേലമ്മാകം പുളിയറ വിജയാ ബംഗ്ലാവിൽ ബിഭിജിത്ത് (22) നെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കെഎസ്എഫ്ഇ പാർക്കിങ് ഏരിയയിൽ നിന്നും ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്ക് മോഷണം പോയത് സംബന്ധിച്ച് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 

ഇക്കഴിഞ്ഞ ജനുവരി ഒന്നിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി പാർക്കിങ് ഏരിയയിൽ നിന്നും ഒരു മോട്ടോർ സൈക്കിൾ മോഷണം നടത്തിയതിന് അറസ്റ്റിലായിരുന്ന ബിഭിജിത്ത്, ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് അഞ്ചാം തീയതി വീണ്ടും മോഷണം നടത്തിയത്. പൂവാർ പെട്രോൾ പമ്പിൽ പിടിച്ചുപറി നടത്തിയതിനും ഇയാളുടെ പേരിൽ കേസ് നിലവിലുണ്ട്. 

നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീൺ,സബ് ഇൻസ്പെക്ടർ ആശിഷ്,ഗ്രേഡ് എസ്ഐ രവികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയ് ജസ്റ്റിൻ, ലെനിൻ, ഷാഡോ പൊലീസ് ടീം അംഗം പത്മകുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button