നെഹ്​റുട്രോഫി വള്ളംകളി..ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം..ലാത്തിവീശൽ..പരുക്ക്…

നെഹ്​റുട്രോഫി വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം. പ്രതിഷേധവുമായി രംഗത്തെത്തിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽകാർക്കു നേരെ പൊലീസ്​ ലാത്തിവീശി. ലാത്തിയടിയേറ്റ്​ മൂന്ന്പേർക്ക് പരിക്കേറ്റു.പരിക്കേറ്റ വീയപുരം ചുണ്ടൻ തുഴഞ്ഞ വി.ബി.സി കൈനകരിയിലെ തുഴച്ചിൽകാരായ സന്ദീപ്​, അനന്തു, എബിൻ വർഗീസ്​ എന്നിവർ​ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഫലപ്രഖ്യാപനം കഴിഞ്ഞ്​ ഏതാനും മിനിറ്റുകൾക്കുള്ളിലാണ്​ സംഭവം നടന്നത്​. വിജയി കാരിച്ചാലോ വീയപുരമോ എന്നത്​ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ്​ കണ്ടെത്തിയതെന്നാണ്​ സംഘാടക സമിതി പറയുന്നത്​. ഇക്കാര്യം തങ്ങൾക്ക്​ ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട്​ ക്യാപ്​റ്റന്‍റെ നേതൃത്വത്തിൽ തുഴച്ചിലുകാർ നെഹ്​റു പവിലിയനിലേക്ക്​ എത്തി.

തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ്​ ചെയ്തു. ഇരുട്ടായതോടെ പൊലീസുകാർ ലാത്തിച്ചാർജ്​ നടത്തുകയായിരുന്നു. വീയപുരം ചുണ്ടനിലെ എല്ലാ തുഴച്ചിൽകാർക്കും മർദനമേറ്റു. മൂന്ന്​ പേരുടെ തലപൊട്ടി. തലപൊട്ടിയവരാണ്​ ചികിത്സ തേടിയത്​. മത്സരം കഴിഞ്ഞപ്പോൾ വിജയി വീയപുരമോ കാരിച്ചാലോ എന്ന്​ പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച്​ മിനിറ്റിനകം ഡിജിറ്റൽ ഉപകരണങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ്​ കാരിച്ചാൽ അഞ്ച്​ മൈക്രോ സെക്കൻഡുകൾക്ക്​ മുന്നിലെത്തി വിജയിച്ചതായി പ്രഖ്യാപിച്ചത്​. അഞ്ച്​ മിനിറ്റിനകം ഫലം പ്രഖ്യാപിച്ചതും വിഡിയോ കാട്ടി ബോധ്യപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടതും​ അംഗീകരിക്കാതെയാണ്​ മർദനം നടന്നത്​.

Related Articles

Back to top button