ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം..2-ാം പ്രതി അനിതകുമാരിക്ക് ജാമ്യം.. പത്മകുമാറിന്…

കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം.കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.

അതേസമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തും. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നു. എന്നാൽ അന്വേഷണം മൂന്നു പേരിൽ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്.കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞിരുന്നു

Related Articles

Back to top button