ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ..ദർശനസമയം കൂട്ടി…

തിരുവോണാഘോഷത്തിന് ഒരുങ്ങി ​ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരി​ഗണിച്ച് ക്ഷേത്ര ദർശനസമയം കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.ഒരുമണിക്കൂറാണ് കൂട്ടുക. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14 (ഉത്രാടം,, സെപ്റ്റംബർ 15 (തിരുവോണം ), സെപ്റ്റംബർ 16 ( അവിട്ടം), സെപ്റ്റംബർ 17 ( ചതയം ), സെപ്റ്റംബർ 21 ( ശ്രീനാരായണ ഗുരു സമാധിദിനം), സെപ്റ്റംബർ 22 (ഞായറാഴ്ച) എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകും.

തിരുവോണ നാളിൽ (സെപ്റ്റംബർ 15, ഞായറാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

Related Articles

Back to top button