പോളിഷ് പ്രധാനമന്ത്രിയുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്, ഇന്ത്യൻ സമൂഹത്തെ കാണും; ശേഷം ട്രെയിനിൽ യുക്രൈനിലേക്ക്…

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ ചർച്ച ഗുണമാകുമെന്നാണ് പ്രതീക്ഷ. ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും ഇന്ന് മോദി പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മോദി പോളണ്ടിൽ നിന്ന് ട്രെയിനിൽ യുക്രെയിനിലേക്ക് പോകും.പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഏഴു മണിക്കൂർ യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകുന്ന മോദി ഇന്ത്യൻ വിദ്യാർത്ഥികളുമായും സംസാരിക്കും.
45 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം.

Related Articles

Back to top button