ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കലക്ടര്‍……

ഈ വര്‍ഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകള്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍ദേശിച്ചു. നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായ കലക്ടർ ഓരോ തയ്യാറെടുപ്പുകൾക്കുമായി അതത് വകുപ്പുകളെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതും നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമുള്‍പ്പടെയുള്ള പ്രവൃത്തികള്‍ കെ.എസ്.ഇ.ബി വേഗത്തിൽ പൂര്‍ത്തിയാക്കണം. ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആരോഗ്യ വകുപ്പ് ഉറപ്പാക്കണം.
സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് ചരക്ക് വാഹനങ്ങള്‍ നിലയ്ക്കല്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കണം. പമ്പയില്‍ അയ്യപ്പന്‍മാര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ പൂര്‍ണമായി നീക്കം ചെയ്യുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ളാഹയില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബയോ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും സമയബന്ധിതമായി നടപ്പാക്കണം.

ഇത്തവണ നിലയ്ക്കലില്‍ 10,000 പേര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളും സീസണ് മുന്‍പ് പൂര്‍ത്തിയാക്കണം.വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും തീര്‍ഥാടനം ആരംഭിക്കുന്നതുവരെ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി. നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സന്ദര്‍ശിച്ച കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യവും വിലയിരുത്തി.

Related Articles

Back to top button