ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടം: പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടം. ദേശീയ തലത്തില്‍ എയിംസും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പോലെയുള്ള എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും തുടര്‍ച്ചയായ രണ്ടാം തവണയും ഇടം പിടിക്കുന്നത്. എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് നാല്‍പത്തി രണ്ടാം സ്ഥാനത്തും ദന്തല്‍ കോളേജ് ഇരുപത്തി ഒന്നാം സ്ഥാനത്തുമാണുള്ളത്. മെഡിക്കല്‍ കോളേജ് കഴിഞ്ഞ തവണത്തെ നാല്‍പ്പത്തി നാലാം സ്ഥാനത്തു നിന്നും ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്ത് നിന്നുമാണ് ഈ മുന്നേറ്റം ഉണ്ടാക്കിയത്. അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തല്‍ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും കൂടിയാണിവ.മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജുകളില്‍ നടന്നു വരുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകളും 15 നഴ്സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, റോബോട്ടിക് സര്‍ജറി എന്നിവ യാഥാര്‍ത്ഥ്യമാക്കി. ഈ സര്‍ക്കാര്‍ വന്ന ശേഷം 80 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികള്‍ പല സംസ്ഥാനങ്ങളും എറ്റെടുത്തതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button