സ്പായിൽ മയക്കുമരുന്നു വിൽപ്പന; റെയ്‌ഡിൽ 2 പേർ പിടിയിൽ…

കല്‍പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പായിൽ നടത്തിയ റെയ്ഡില്‍ രണ്ടു പേർ അറസ്റ്റിൽ. മയക്കുമരുന്നായ എം.ഡി.എം.എ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. കോഴിക്കോട് സ്വദേശികളായ മുക്കം ഓമശ്ശേരി പടിഞ്ഞാറെതൊടുക മുഹമ്മദ് റാഷിദ്(34), മുക്കം പറങ്ങോട്ടില്‍ വീട്ടില്‍ പി. മുസ്തഫ (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൈനാട്ടിയിലെ സ്റ്റൈലോ സ്പാ എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു ഇരുവരെയും പിടികൂടിയത്. കവറടക്കം 3.88 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നായി പിടിച്ചെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി നേടിയ 91000 രൂപയും, എം.ഡി.എം.എ തൂക്കി നൽകുന്നതിനുള്ള പോക്കറ്റ് ത്രാസും എം.ഡി.എം.എ നല്‍കുന്നതിനായുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

കല്‍പറ്റ ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു റൈഡ്. കൂടാതെ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button