പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.. കാർ വാഷ് സെന്ററിലേക്ക് മരം വീണു

ചാരുംമൂട്: കാർ വാഷ് സ്ഥാപനത്തിനു മുന്നിൽ മരം കടപുഴകി വീണു. ആലപ്പുഴ കരിമുളയ്ക്കലിലാണ് സംഭവമുണ്ടായത്. സ്ഥലത്തു പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് നാശനഷ്ടമുണ്ടായി. അപകട ഭീഷണിയായി നിന്ന മരത്തിന്റെ ശിഖരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ടായി.

തിരക്കേറിയ കെ.പി റോഡിന് സമീപം ശക്തമായ കാറ്റിലാണ് മരം കടപുഴകി കാർ വാഷ് സ്ഥാപനത്തിന്റെ മുന്നിലേക്ക് വീണത്. ഈ സമയം അവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മരത്തിന്റെ ശിഖരങ്ങൾ വീണത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.

മരം അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും ശിഖരങ്ങൾ മുറിച്ചുനീക്കണമെന്നും കാട്ടി കാർവാഷ് ഉടമ എ നാസറുദീൻ രണ്ടു മാസം മുമ്പ് കെഎസ്‌ടിപി അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല. മരം റോഡിലേക്ക് വീണിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.

Related Articles

Back to top button