വാഹന മെക്കാനിക്ക്… കള്ളനോട്ടു സംഘത്തിലെ കണ്ണി… പിടിവീണത് ബാറിൽ…

കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. അഞ്ഞൂറിന്റെ കള്ളനോട്ടുമായി പയ്യന്നൂർ സ്വദേശിയായ വാഹനമെക്കാനിക്കിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ചതിനു ശേഷം അഞ്ഞൂറിന്റെ അഞ്ച്കള്ളനോട്ടുകൾ നൽകിയ പയ്യന്നൂർ സ്വദേശിയെയാണ് ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് അറസ്റ്റു ചെയ്തത്.

പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ മറുനടയൻ ഹൗസിൽ എം. എ.ഷിജു (36) വിനെയാണ് ടൗൺ എസ്‌ഐ.എം.സവ്യസാചി അറസ്റ്റു ചെയ്തത്. കണ്ണൂർ നഗരത്തിലെ കാൽടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം.

ഇവിടെ മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിന്റെ നോട്ടുകൾ നൽകുകയായിരുന്നു. 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയലുകളിലുള്ള അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു തുടർന്ന് ബാർ മാനേജർ ടൗൺ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വർക്ക്ഷോപ്പിൽ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ സംഭവത്തിന്റെ പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റുകളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.


ഏറെക്കാലം ഇയാൾ ഗൾഫിൽ ജോലി ചെയ്തിരുന്നതായ വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉ പൊലിസ് ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾ എവിടെ നിന്നാണ് കള്ള നോട്ടുകൾ കൊണ്ടുവന്നതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ളതാണ് കള്ളനോട്ടുകൾ.
ചോദ്യം ചെയ്യലിൽ പ്രതി വിശദവിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് സൂചന. ഇയാളുമായി ബന്ധമുള്ളവരും പൊലിസ് നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നാണോ ഇയാൾക്ക് കള്ളനോട്ടുകൾ കിട്ടിയതെന്നകാര്യമാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. പ്രതിയുടെ കാസർകോടൻ ബന്ധങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button