‘2023ൽ ഒരു വൈദ്യുതി അപകടവുമുണ്ടാകാത്ത ഡിവിഷൻ’ പുരസ്കാരം സമ്മാനിച്ചു…..വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധ…..
തിരുവനന്തപുരം: വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാന്‍ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളില്‍ നല്ലൊരു പങ്ക് വൈദ്യുതി ലൈനുകൾക്കുസമീപം ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴാണ് സംഭവിക്കുന്നത്. ലോഹത്തോട്ടി ഒഴിവാക്കുവാന്‍ ശക്തമായ പ്രചരണം ആവശ്യമാണ്. കൂടാതെ വീടുകള്‍ക്കുള്ളിലുള്ള അപകടങ്ങളും കൂടി വരുന്നു. അപകടങ്ങള്‍ കുറക്കുന്നതിനായി നിശ്ചിത റേറ്റിംഗുള്ള ആർസിസിബി അഥവ ഇഎല്‍സിബി സ്ഥാപിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ അതത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓവര്‍സീയര്‍ കണ്‍വീനറും വാര്‍ഡ് അംഗം ചെയര്‍മാനുമായി വാര്‍ഡ്തല ഉപദേശക സമിതി സംസ്ഥാനത്താകെ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം സമിതികള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന വൈദ്യുതി സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം ഉണ്ടാക്കും.