ചാക്കിൽ കെട്ടിയ കറൻസി… വമ്പൻ ട്വിസ്റ്റ്….

പത്തനംതിട്ടയിൽ വഴിയിരികിൽ ചാക്കിൽ കെട്ടിയ കറൻസി നോട്ടുകളും പുതുപുത്തൻ സെറ്റു മുണ്ടും ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട പ്രമാടം മഹാദേവർ ക്ഷേത്രത്തിന് സമീപം മുട്ടത്താണ് നാട്ടുകാർ പണച്ചാക്കും പുതുപുത്തൻ സെറ്റുമുണ്ടും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് വന്നു. കുട്ടിച്ചാക്കിന്റെ പകുതിയോളം കറൻസി നോട്ടുകളും സമീപത്തായി സെറ്റ് സാരിയുമാണ് കണ്ടെത്തിയത്.

10, 20 രൂപ നോട്ടുകളായിരുന്നു ഏറെയും. ഏതെങ്കിലും ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വിരലടയാള വിഗദ്ധരും ശാസ്ത്രീയ കുറ്റാന്വേഷകരും സ്ഥലത്ത് വന്ന് പരിശോധിച്ച ശേഷം ചാക്കും മുണ്ടും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് പണം എണ്ണി നോക്കിയപ്പോൾ 39,432 രൂപ ഉണ്ടെന്ന് മനസിലായി.

മാലിന്യചാക്കിന് പകരം ക്ഷേത്രപൂജാരി കാറിൽ നിന്ന് വലിച്ചെറിഞ്ഞതായിരുന്നു പണച്ചാക്ക്. വഴിയരികിൽ നിന്ന് പണം അടങ്ങിയ ചാക്ക് കിട്ടിയെന്ന വാർത്തയറിഞ്ഞ് സ്റ്റേഷനിലെത്തിയ പൂജാരിക്ക് താക്കീത് നൽകി പൊലീസ് പണം മടക്കി നൽകി. മഠത്തിൽകാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്ത് നാരായണന്റെയായിരുന്നു പണം. പണച്ചാക്ക് കണ്ട സ്ഥലത്തിന് അടുത്തു തന്നെയാണ് സുജിത്തിന്റെ വീട്. വീട്ടിൽ നിന്നുള്ള മാലിന്യം നിർമ്മാർജനം ചെയ്യുന്നതിന് വേണ്ടി ചാക്കിലാക്കി കാറിൽ വച്ചിരുന്നു. അതിനൊപ്പം തന്നെയാണ് ദക്ഷിണയായി ലഭിച്ച പണവും മുണ്ടും അടങ്ങിയ ചാക്കും വച്ചിരുന്നത്. വിജനപ്രദേശത്ത് വലിച്ചെറിഞ്ഞപ്പോൾ ചാക്ക് മാറിപ്പോയി. മാലിന്യചാക്കിന് പകരം പണച്ചാക്കാണ് എറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വന്ന സുജിത്തിന് പണവും ഒപ്പം താക്കീതും നൽകി പൊലീസ് വിട്ടയച്ചു. മാലിന്യം വലിച്ചെറിഞ്ഞിട്ടില്ലാത്തതിനാൽ പിഴ ഒടുക്കേണ്ടിയും വന്നില്ല.

Related Articles

Back to top button