‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ സ്റ്റിക്കറുമായി ഓട്ടോറിക്ഷ

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. ബസിലും ട്രെയിനിലും ഇവിടേക്കെത്തി ഇലന്തൂരിലെ മനുഷ്യക്കുരുതി നടന്ന കുപ്രദ്ധമായ വീട്ടിലേക്ക് വഴി ചോദിക്കുന്ന നിരവധി ആളുകളെയാണ് നാട്ടുകാര്‍ ഓരോ ദിവസവും കാണുന്നത്. ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്നും കുറ്റകൃത്യം നടന്ന വീടാണെന്നും സൂചിപ്പിച്ച് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിംഗിന്റെ വീടുകാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ലെന്ന് ഇലന്തൂരുകാരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ച ഇലന്തൂരിലെത്തുന്ന ആളുകള്‍ക്ക് ഈ വീട്ടിലേക്ക് എളുപ്പമെത്താനായി സ്വന്തം ഓട്ടോറിക്ഷയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുകയാണ് ഇലന്തൂര്‍ സ്വദേശി ഗീരീഷ്. നരബലി ഭവനം കാണാനെത്തുന്നവരില്‍ നിന്ന് 50 രൂപയാണ് ഗീരീഷ് ഈടാക്കുന്നത്. നരബലി ഭവന സന്ദര്‍ശനം 50 രൂപ എന്നാണ് വാഹനത്തിലെ സ്റ്റിക്കര്‍. ഇന്ന് മാത്രം 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗീരീഷ് പറഞ്ഞത്. ആദ്യശ്രീ തംബുരു എന്നുപേരായ ഓട്ടോറിക്ഷയാണ് ഗീരീഷ് ഓടിക്കുന്നത്. ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്ന് ഭഗവല്‍ സിംഗിന്റെ വീട്ടിലേക്കാണ് 50 രൂപ ഈടാക്കുന്നത്. വഴി ഒന്ന് കാണിച്ചാല്‍ മതി പൈസ തരാമെന്ന് പറയുന്നവര്‍ പോലുമുണ്ടെന്ന് ഗിരീഷ് പറയുന്നു.

Related Articles

Back to top button