മദ്യപര്‍ക്ക് സ്വര്‍ഗ്ഗമായിരിക്കില്ല ഇനി ഗോവ….

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട് ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരിൽ ഒരു വലിയ വിഭാഗം മനസിൽ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാൽ ആ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. ഗോവയിൽ മദ്യം അത്ര ചീപ്പല്ല. ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത് ബിയറിനാണ്. 10 മുതൽ 12 രൂപ വരെയാണ് എക്സൈസ് നികുതി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അതായത് എൻട്രി ലെവലിൽ ഉള്ള ബിയറിന് 30 രൂപയായിരുന്നത് ഇനി 42 രൂപ ആയി. മറ്റുള്ള വില വിഭാഗത്തിലും അനുപാതിക മാറ്റമുണ്ട്. 5 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ സാനിധ്യമുള്ള ബിയറിന് നേരത്തെ 50 രൂപ നികുതി ഉണ്ടായിരുന്നത് 60 രൂപയാക്കി ഉയ‍ത്തിയിട്ടുമുണ്ട്. മദ്യവിപണിയിൽ വിൽപന ഇടിഞ്ഞെന്ന കണക്കുകൾ പുറത്ത് വരുന്നതിനിടെയാണ് ഈ വിലക്കയറ്റം.

ഗോവയിൽ നിന്നുള്ള മടക്കയാത്രയിൽ വിലക്കുറവിൽ കിട്ടുന്ന മദ്യം കുറച്ച് സ്റ്റോക്ക് ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി അങ്ങനെ മദ്യം വാങ്ങി സംസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നാണ് മഹാരാഷ്ട്രാ സർക്കാർ പറയുന്നത്. അനുവദനീയമായ അളവിൽ മദ്യവുമായി എത്തിയാൽ കടുത്ത വകുപ്പുകളുള്ള മക്കോക്ക ചുമത്തും. സംഘടിത കുറ്റങ്ങൾക്കെതിരായ ഈ കടുത്ത നിയമം മദ്യപർക്കും ടൂറിസ്റ്റുകൾക്കും നേരെ പ്രയോഗിക്കാനൊരുങ്ങുന്നു. ചെക് പോസ്റ്റുകൾക്കും ഗോവയുമായി അതിർത്തി പിന്നിടുന്ന ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗോവൻ മദ്യത്തിന്‍റെ ഒഴുക്ക് സംസ്ഥാനത്തെ മദ്യ വിപണിയെ ബാധിക്കുന്നതായാണ് മുഖ്യമന്ത്രി ഏക്‍നാഥ് ശിൻഡെ പറയുന്നത്.മദ്യം കൈവശം വയ്ക്കാൻ ഗോവൻ എക്സൈസ് വകുപ്പ് മദ്യശാലകൾ വഴി നൽകുന്ന പെർമിറ്റ് എടുത്താലും രക്ഷയുണ്ടാവില്ലെന്ന് തന്നെ ശിൻഡെ പറയുന്നു.

Related Articles

Back to top button