ആ സ്ത്രീ രക്ഷപെട്ടോടുകയായിരുന്നു.. പിന്നാലെ ലൈലയും ഓടിവന്നു… ഞാൻ അവിടെ പോയില്ലായിരുന്നുവെങ്കിൽ….

ഇലന്തൂർ നരബലിക്ക് മുൻപ് ലോട്ടറി വിൽപനക്കാരിയായ മറ്റൊരു സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ്. യുവതിയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നൽകി. യുവതിയെ കെട്ടിയിട്ടാണ് ഉപദ്രവിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. രക്ഷപെട്ടോടിയ ലോട്ടറി വിൽപനക്കാരിക്ക് പിന്നാലെ ലൈല ഓടിയെത്തിയെന്നും ഓട്ടോഡ്രൈവർ പറഞ്ഞു.

ഇലന്തൂർ ഇരട്ട നരബലി കേസിൽ ഒരുപാട് തെളിവുകളാണ് പ്രതികൾക്കെതിരെ പുറത്തുവന്നത്. സ്ത്രീകൾ ആ വീട്ടിൽ വന്നതും ഉപദ്രവിക്കപ്പെട്ടതുമെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിൽ ആ വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയായ ഒരു യുവതിയെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.

‘ഞാൻ പത്തനംതിട്ട ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു ഓട്ടോ ഡ്രൈവറാണ്. ഒരുദിവസം 5.30ന് എനിക്കൊരു കോൾ വന്നു. ഒരു യുവതിയാണ് വിളിച്ചത്. ആ യുവതി വിളിച്ചിട്ട് പറഞ്ഞു എന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണമെന്ന്. അപ്പൊ ഞാൻ ചോദിച്ചു നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന്. അപ്പോൾ പറഞ്ഞു ഇലന്തൂരിൽ ഒരു വീട്ടിലാണെന്ന്. ഞാൻ ചോദിച്ചു ഇലന്തൂരിൽ കൃത്യമായി എവിടെയാണെന്ന്. അപ്പോൾ ആ സ്ത്രീ എന്നോട് പറഞ്ഞു എലന്തൂര് ചന്തയുടെയടുത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ വരുമ്പോൾ ഒരു ക്രിസ്ത്യൻ പള്ളിയുണ്ടെന്നും പള്ളിയുടെ അടുത്ത് നിന്ന് നേരെ വീണ്ടും വലത്തോട്ട് ഒരു റോഡുണ്ടെന്നും. ആ റോഡിലൂടെ പോകുമ്പോൾ ഇടതു സൈഡിൽ ഒരു കാവുണ്ട്. കാവിന്റെ തൊട്ട് മുന്നിൽ കാണുന്ന വീടാണ്. അവിടെ വന്ന് എന്നെ സ്റ്റാൻഡിൽ കൊണ്ടുവന്ന് രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോൾ സ്ത്രീ ഓടിവന്ന് എന്റെ ഓട്ടോയിൽ കയറി. ആ സ്ത്രീയുടെ പിറകെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു. സ്ത്രീയുടെ പേരെന്താണെന്ന് അപ്പോൾ അറിയില്ലായിരുന്നു. സ്ത്രീയെ പത്തനംതിട്ടയിലെ സ്റ്റാൻഡിൽ കൊണ്ട് വിടുകയും ചെയ്തു.

ഞാൻ ചോദിച്ചു ചേച്ചി എന്താണ് സംഭവിച്ചതെന്ന്. അപ്പോൾ അവർ പറഞ്ഞു തന്റെ കൈയൊക്കെ പിടിച്ചു കെട്ടി വായിൽ പ്ലാസ്റ്റർ എല്ലാം ഒട്ടിച്ചു. ഒരുപാട് പീഡനത്തിന് താൻ ഇരയായെന്ന്. അങ്ങനെയെങ്കിൽ നമുക്ക് അടുത്ത പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. പക്ഷേ കേസ് കൊടുത്താൽ തന്റെ മാനം നഷ്ടപ്പെടുമെന്ന് പറഞ്ഞ് പരാതി കൊടുക്കുന്നില്ലെന്ന് വ്യക്തമാക്കി. ഞാൻ അവിടെ ചെന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവര് രക്ഷപ്പെടില്ലായിരുന്നു. പത്രത്തിലൊക്കെ നരബലി എന്ന് വായിച്ചപ്പോൾ ആദ്യത്തെ നരബലി ഇവരാവാനാണ് സാധ്യത എന്ന് ഞാൻ മനസ്സിൽ കരുതി. പിന്നീടാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിക്കുന്നതും പൊലീസിൽ മൊഴി നൽകുന്നതും’- ഓട്ടോ ഡ്രൈവർ പറഞ്ഞു.

Related Articles

Back to top button