ഷേവിങ് കത്തിയുമായി കോടതിയിലെത്തി

കോട്ടയം: ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെത്തിയ ആള്‍ ഷേവിങ് കത്തിയുയര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു. തനിക്ക് ഒരു പരാതി പറയാനുണ്ടെന്ന് വിളിച്ച് പറഞ്ഞായിരുന്നു ഇയാള്‍ കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മജിസ്ട്രേട്ട് ജി.പത്മകുമാർ കോടതിയിൽ എത്തിയ ശേഷമാണ് സംഭവം. മജിസ്ട്രേട്ട് കോടതിയിലെത്തിയതിന് പിന്നാലെ ഷേവിങ് കത്തിയുയര്‍ത്തി തോടനാൽ ഓലിക്കൽ സാജൻ (45) കോടതി മുറിയിലേക്ക് ഒടിക്കയറി പ്രതിക്കൂട്ടില്‍ കയറി, തനിക്കൊരു സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് കോടതിയെ അറിയിച്ചു.

ഇതിനിടെ ഇയാളെ പിടിച്ച് മാറ്റാനും കത്തി വാങ്ങാനുമായി കോടതിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രമിച്ചങ്കിലും കഴുത്ത് മുറിക്കുമെന്ന് സാജന്‍ ഭീഷണി മുഴക്കിയതോടെ പൊലീസുകാര്‍ പിന്‍വാങ്ങി. തുടര്‍ന്ന് തനിക്കൊരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. താന്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതിയാണെന്നും എന്നാല്‍, ഇപ്പോള്‍ മാന്യമായാണ് ജീവിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പൊലീസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സാജന്‍റെ പരാതി.

സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് സാജന്‍ കോടതിയോട് പറഞ്ഞു. പരാതി നല്‍കിയന്‍റെ പേരില്‍ തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. തന്‍റെ പോക്കറ്റിലേക്ക് ബലം പ്രയോഗിച്ച് കഞ്ചാവ് ഇട്ടശേഷം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നെന്നാണ് സാജന്‍ പറഞ്ഞത്. ഉപജീവനത്തിനായി ഓട്ടോ ഓടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍ ഓട്ടോ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായെന്നും സാജന്‍ പരാതിപ്പെട്ടു. സാജന്‍റെ പരിവേദനം കേട്ട കോടതി കേസ് പരിഗണിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും പറഞ്ഞ ശേഷമാണ് സാജന്‍ പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങിയത്.

Related Articles

Back to top button