സമ്മാനത്തുകയുടെ കാര്യത്തിൽ മാത്രമല്ല റെക്കോർഡ്.. സമ്മാനം നേടിയവരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുന്നതിലും വേഗത…

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായിട്ടാണ് ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നടന്നത്. 25 കോടിയായിരുന്നു ഓണം ബമ്പർ ഭാ​ഗ്യവാനെ കാത്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹം സ്വദേശി അനൂപാണ് ഇത്തവണത്തെ ബമ്പർ ഭാ​ഗ്യവാൻ. TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനൂപിന് ഭാ​ഗ്യം ലഭിച്ചത്. സമ്മാനത്തുകയുടെ കാര്യത്തിൽ മാത്രമല്ല, സമ്മാനം നേടിയവരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കാനുള്ള വകുപ്പിന്റെ പ്രവർത്തനവും റെക്കോർഡ് വേ​ഗത്തിലാണ്.

ഓണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചത് തിരുവനന്തപുരം കുടപ്പനകുന്ന് സ്വദേശി രഞ്ജിത എന്ന യുവതിക്കാണ്. തിങ്കളാഴ്ച രാവിലെ ലോട്ടറി ഓഫീസിൽ ടിക്കറ്റ് ഹാജരാക്കിയ രഞ്ജിതയ്ക്ക് വൈകുന്നേരത്തോടെ തുക അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയി. 3.15 ലക്ഷമാണ് രഞ്ജിതക്ക് ലഭിച്ചത്. തിരുവനന്തപുരം കിഴക്കേക്കോട്ട എസ്︋പി ഫോർട്ട് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയാണ് രഞ്ജിത. ഒന്നാം സമ്മാനം ജസ്റ്റ് മിസ്സായ സംഭവം കൂടിയുണ്ട് രഞ്ജിതക്ക് പറയാൻ.

ഇതുവരെയും നേരിട്ട് ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത രഞ്ജിത സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭ​ഗവതി ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റെടുത്തത്. ഷോപ്പിലെത്തിയപ്പോൾ അതേ നമ്പറിന്റെ മറ്റൊരു ടിക്കറ്റ് കണ്ടെന്നും അത് കള്ളലോട്ടറിയാണെന്ന് തെറ്റിദ്ധരിച്ചുവെന്നും രഞ്ജിത പറയുന്നു. ”പിന്നീടാണ് മനസ്സിലായത് ഇതിന് സീരിസ് ഉണ്ടെന്ന കാര്യം. ഒടുവിൽ TG 750605 എന്ന നമ്പറിൽ തൊട്ടു അതുതന്നെ അങ്ങ് എടുക്കുകയായിരുന്നു. ഈ നമ്പർ തന്നെ മൈന്റിൽ ഫിക്സ് ആകുക ആയിരുന്നു. അനുജത്തി പറഞ്ഞിട്ടാണ് ഏജൻസിയിൽ നിന്നു തന്നെ ടിക്കറ്റെടുത്തത്.” ഒന്നാം സമ്മാനം മിസ്സായതിങ്ങനെയെന്ന് രഞ്ജിത . ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണെന്നും രഞ്ജിത കൂട്ടിച്ചേർത്തു.

ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ അനൂപ് ഭാഗ്യക്കുറി വകുപ്പിൽ ടിക്കറ്റ് കൈമാറി. ബന്ധുക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നിനാണ് ടിക്കറ്റ് കൈമാറിയത്. 25കോടിയുടെ ഉടമ അനൂപിനും എത്രയും വേഗം തുക കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്… അതേ സമയം ഓണം ബമ്പർ രണ്ടാം സമ്മാനം ലഭിച്ച വ്യക്തി തന്റെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താൻ തയ്യാറല്ലെന്ന് അറിയിച്ചതായി ബാങ്ക് അധിക‍ൃതർ അറിയിച്ചു. G 270912 നമ്പര്‍ ടിക്കറ്റിനാണ് ഓണം ബമ്പറിലെ രണ്ടാം സമ്മാനമായ അഞ്ചു കോടി അടിച്ചത്. ടിക്കറ്റുമായി ഇദ്ദേഹം പാലായിലെ കാനറ ബാങ്ക് ശാഖയിൽ എത്തിയിരുന്നു. കോട്ടയം മീനാക്ഷി ലക്കി സെന്‍ററില്‍ നിന്നെടുത്ത ടിക്കറ്റ് ആണിത്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് ലോട്ടറി കച്ചവടക്കാരനായ പാപ്പച്ചൻ പറയുന്നത്. എന്തായാലും പാലായിൽ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പർ രണ്ടാം സമ്മാനം നേടിയിരിക്കുന്നത്.

Related Articles

Back to top button