ആലപ്പുഴയിലെ സിന്തറ്റിക്സ് മയക്കുമരുന്നുവിതരണ ശൃംഖലയിലെ പ്രധാനികൾ കസ്റ്റഡിയിൽ

അമ്പലപ്പുഴ: സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ വിതരണം നടത്തിവന്ന യുവാക്കളെ പുന്നപ്ര പൊലീസ് പിടികൂടി. ആലപ്പുഴ ഇരവുകാട് വാർഡിൽ തിരുവമ്പാടി തിണ്ടങ്കേരിയിൽ ലിയാഖത്തിൻ്റെ മകൻ ഇജാസ് (25), ആലപ്പുഴ വട്ടയാൽ വാർഡിൽ തിരുവമ്പാടി അരയൻ പറമ്പിൽ മജീദിൻ്റെ മകൻ റിൻഷാദ് (26) എന്നിവരെയാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.0.9ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും പിടികൂടി

റിൻഷാദ് ഹാഷിൽ ഓയിലുമായി മുൻപ് രണ്ടു തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാത്രി 8ഓടെ വാടയ്ക്കൽ എൻജിനീയറിംഗ് കോളേജിന് സമീപത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം കുറവൻതോട് സ്വദേശികളായ 2 യുവാക്കളെ കണിയാംകുളം ഭാഗത്തു നിന്നും എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.ഇവർക്ക് മയക്കുമരുന്നുകൾ നൽകിയത് ഇവരാണ്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് ശേഖരിച്ച് ആലപ്പുഴയിൽ വിതരണം നടത്തുന്നവരിൽ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സപ്പിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവർ വിതരണം നടത്തിവന്നിരുന്നത്. പരസ്പരം കാണാതെ മയക്കുമരുന്ന് വെക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ ഷെയർ ചെയ്ത് ഓൺലൈനിൽ പണം വാങ്ങിയാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തുന്നത്.കഴിഞ്ഞ ഒരാഴ്ചക്കുള്ളി ഇവർ ഉൾപ്പടെ 8 പേരെയാണ് കഞ്ചാവും, മയക്കുമരുന്നുകളുമായി പുന്നപ്ര പൊലീസ് പിടികൂടിയത്.ജില്ല പൊലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്, അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു വി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് മയക്കുമരുന്നു കേസുകൾ അന്വേഷിക്കുന്നത്.പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ നവാസ്, എസ്.പി.ഒ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

Related Articles

Back to top button