ദൈവത്തെ മാത്രമേ വന്ദിക്കൂ… ദേശീയ പതാക ഉയര്‍ത്തില്ല….

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച പ്രധാനാധ്യാപികയുടെ നടപടി വിവാദത്തില്‍. മതവിശ്വാസം ചൂണ്ടിക്കാട്ടിയാണ് ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും പ്രധാനാധ്യാപിക വിസമ്മതിച്ചത്. താന്‍ യാക്കോബായ ക്രിസ്ത്യാനിയാണെന്നും ദൈവത്തെ മാത്രമേ വന്ദിക്കൂ എന്നാണ് അധ്യാപിക പതാക ഉയര്‍ത്തലില്‍ നിന്ന് പിന്മാറാനുള്ള കാരണമായി പറഞ്ഞത്. പ്രധാന അധ്യാപിക മടിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്‍റ് ഹെഡ്മിസ്ട്രസാണ് പതാക ഉയര്‍ത്തിയത്. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപികയായ തമിഴ്സെല്‍വിയാണ് പതാക ഉയർത്താൻ വിസമ്മതിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തമിഴ് സെല്‍വിക്കെതിരെ ചീഫ് എഡ്യൂക്കേണല്‍ ഓഫീസര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ തമിഴ്സെൽവി ഈ വർഷം വിരമിക്കാനിരിക്കെ, അവരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റ് 15ന് ആഘോഷം സംഘടിപ്പിച്ചതെന്ന് പറയപ്പെടുന്നു. സംഭവം വിവാദമായതിന് പിന്നാലെ പതാക ഉയര്‍ത്തലില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ തമിഴ് സെല്‍വി പുറത്തുവിട്ടതായി തമിഴ് മാധ്യമങ്ങള്‍ പറയുന്നു.’താന്‍ ഒരിക്കലും ദേശീയ പതാകയോട് അനാദരവ് കാണിച്ചിട്ടില്ല, ഞാന്‍ ഒരു യാക്കോബായ ക്രിസ്ത്യാനിയാണ്. ഞാന്‍ ദൈവത്തെ അല്ലാതെ മാറ്റാരെയും വണങ്ങില്ല. ഞങ്ങള്‍ ദേശീയ പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ദൈവത്തെ മാത്രമേ വണങ്ങു’ എന്ന് തമിഴ് സെല്‍വി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി തമിഴ്സെല്‍വി സ്കൂളില്‍ പ്രധാനധ്യാപകയായി പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതിരാക്കാന്‍ അസുഖമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ വര്‍ഷങ്ങളിലെല്ലാം തമിഴ്‌സെല്‍വി അവധിയെടുത്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button