ബാങ്ക് കവർച്ചയ്ക്ക് തുരങ്കം കുഴിച്ചു…പക്ഷേ….

മോഷണത്തിനിടയിൽ കള്ളന്മാർക്ക് അബദ്ധങ്ങൾ പറ്റും. എന്നാൽ ഒരു മോഷ്ടാവിന് സംഭവിച്ച മണ്ടത്തരം കേട്ടാൽ ചിരിക്കാതിരിക്കാനാവില്ല. ഒരു ബാങ്ക് കൊള്ളയടിക്കാൻ തുരങ്കം ഉണ്ടാക്കിയതാണ് പാവം, എന്നാൽ അത് ഇടിഞ്ഞു വീണതോടെ അതിനകത്ത് കുടുങ്ങി പോയി. ഒടുവിൽ പൊലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരും ഒക്കെ ചേർന്ന് അയാളെ പുറത്തെടുക്കുകയായിരുന്നു. ഈ ശ്രമത്തിൽ അയാളെ സഹായിക്കാൻ മറ്റ് മൂന്ന് പേരും കൂടി ഉണ്ടായിരുന്നു. തുരങ്കം ഇടിഞ്ഞു വീണപ്പോൾ ഭാഗ്യത്തിന് അവർ അതിൽ നിന്ന് പുറത്ത് കടന്നു. തുടർന്ന് നാലാമനെ രക്ഷിക്കാൻ അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റോമിലാണ് സംഭവം.
ഒഴിഞ്ഞു കിടക്കുന്ന ഒരു കടയുടെ അടിയിലൂടെയാണ് അവർ തുരങ്കം കുഴിച്ചത്. കട അടുത്തകാലത്താണ് പുതിയ ഒരാളിന് വാടകയ്ക്ക് നൽകിയത്. പുതിയ ഉടമകൾ കട പുതുക്കിപ്പണിയുകയാണെന്നാണ് നാട്ടുകാരും കെട്ടിടത്തിലെ താമസക്കാരും കരുതിയത്. അതുകൊണ്ട് കുഴിയെടുക്കുന്നത് ആരും അത്ര ശ്രദ്ധിച്ചില്ല.

എന്നാൽ കുഴിയെടുക്കുന്നതിനിടയിൽ വത്തിക്കാന് സമീപമുള്ള റോഡ് തകർന്നു. തുടർന്ന് ഭൂമിക്കടിയിൽ 20 അടിയോളം താഴ്ചയിൽ അതിലൊരാൾ കുടുങ്ങി. വല്ലവിധവും അതിനകത്ത് നിന്ന് പുറത്ത് കടക്കാൻ മറ്റുള്ളവർക്ക് സാധിച്ചു. എന്നാൽ നാലാമനെ രക്ഷിക്കാൻ ആവതും അവർ ശ്രമിച്ചെങ്കിലും, നടന്നില്ല. ഒടുവിൽ മറ്റ് വഴിയില്ലാതെ കള്ളന്മാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസും, ഫയർ ഫോഴ്സും ഒക്കെ സ്ഥലത്തെത്തി. അവരുടെ ശബ്ദം കേട്ടതും കള്ളൻ അവിടെ കിടന്ന് രക്ഷിക്കാൻ വിളിച്ചു പറഞ്ഞു.

പിന്നീട് നീണ്ട എട്ടു മണിക്കൂർ നേരം അയാളെ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടയിൽ ജീവൻ നിലനിർത്താൻ ദ്രാവക രൂപത്തിലുള്ള ഭക്ഷണവും, ഓക്സിജനും അയാൾക്ക് രക്ഷാപ്രവർത്തകർ നൽകി. ഒടുവിൽ അയാളെ ജീവനോടെ പുറത്തെടുക്കാനും അവർക്ക് സാധിച്ചു. കൂടി നിന്ന ജനങ്ങൾ രക്ഷാപ്രവർത്തകരുടെ പരിശ്രമം കണ്ട് കൈയടിച്ചു. പിന്നീട് കള്ളനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ഉൾപ്പെടെ തുരങ്കം കുഴിച്ചതുമായി ബന്ധപ്പെട്ട് നാലു കള്ളന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപും കവർച്ചാക്കേസുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

Related Articles

Back to top button