അമ്മ തണലിൽ ഇത്തിരി നേരം കൂടി…

നമ്മെ കടന്നുപോകുന്ന ചില കാഴ്ചകളെങ്കിലും മനസില്‍ ഏറെ നേരത്തേക്ക് നൊമ്പരമോ, നിരാശയോ പടര്‍ത്തിയേക്കാം.

അത്തരത്തിലൊരു രംഗത്തിനാണ് റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരും ജീവനക്കാരുമെല്ലാം സാക്ഷികളായത്. അമ്മ മരിച്ചതറിയാതെ അമ്മയോടൊട്ടി കിടന്നുറങ്ങുന്ന ഒരു മൂന്ന് വയസുകാരൻ. റെയില്‍വേ പൊലീസാണ് മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. ഇപ്പോള്‍ ഒരു ചൈല്‍ഡ് കെയര്‍ ഹോമിലാണ് ഈ കുഞ്ഞ് ഉള്ളത്.

പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്. ബീഹാറിലെ ബഗല്‍പൂരിലാണ് സംഭവം.

Related Articles

Back to top button