കണ്ണീര്‍ക്കടല്‍ നീന്തിക്കടന്നെത്തിയ ‘ഗദ്ദാമ’

തൃശ്ശൂര്‍: അഞ്ചു മാസം കുവൈത്തില്‍ തൊഴിലുടമയായ സ്ത്രീയുടെ ക്രൂരപീഡനം. മൂന്നുനാള്‍ ഇന്ത്യന്‍ എംബസിയുടെ ഷെല്‍ട്ടറില്‍. ജൂലായ് 30ന് രാത്രി നാട്ടിലേക്ക് മടങ്ങാനായി ഷെല്‍ട്ടറില്‍നിന്ന് പുറപ്പെടുമ്പോള്‍ അവിടെ അവശേഷിച്ചവര്‍ വിനീതയുടെ കൈപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു ഞങ്ങളുടെ ദുരിതകഥകളും നിങ്ങളിലൂെട നാടറിയണം. അതിലൂടെ ഞങ്ങള്‍ക്കും രക്ഷപ്പെടണം.കുടുംബം മുഴുപ്പട്ടിണിയിലേക്ക് നീങ്ങിയപ്പോഴാണ് തൃശ്ശൂര്‍ കരുവന്നൂരിലെ കെ.കെ. വിനീത വിദേശജോലിക്ക് ശ്രമിച്ചത്. കുവൈത്തിലെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയുണ്ടെന്ന് സ്വകാര്യ ഏജന്‍സി അറിയിച്ചതോടെ കടം വാങ്ങിയ പണം ഉപയോഗിച്ച് വിദേശത്തെത്തി. ഫെബ്രുവരി 21നാണ് നാട്ടില്‍നിന്ന് വിമാനം കയറിയത്. ഏജന്‍സിക്കാര്‍ കൊണ്ടെത്തിച്ചത് ഷാമിയയിലെ ഒരു വീട്ടില്‍ വേലക്കാരിയായി.വിവാഹമോചനം നേടിയ യുവതിയും നാലുവയസ്സുള്ള മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സകല പണികളുമെടുപ്പിച്ചു.നാട്ടിലെ അവസ്ഥയോര്‍ത്ത് അതെല്ലാം സഹിച്ചു. ഏറെ വൈകാതെ ശാരീരിക ഉപദ്രവം തുടങ്ങി. അത് കടുത്തപ്പോള്‍ ഏജന്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.മുഖത്തിടിച്ച് മൂക്കില്‍ക്കൂടി രക്തം വരുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്തപ്പോള്‍ അക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതറിഞ്ഞ തൊഴിലുടമ വീണ്ടും മര്‍ദിച്ചു. ജോലിക്കാരിയായല്ല, പണം കൊടുത്ത് അടിമയെപ്പോലെ വാങ്ങിയതാണെന്ന് തൊഴിലുടമ പറഞ്ഞപ്പോഴാണ് വിനീത അറിഞ്ഞത്.രക്ഷപ്പെടാമെന്നുള്ള എല്ലാ പ്രതീക്ഷകളും അതോടെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് പരാതിപ്പെട്ടു. നാട്ടിലും അറിയിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ എംബസി ഇടപെട്ട് വിനീതയുടെ മോചനത്തിന് വഴിയൊരുക്കി. ജൂലായ് 27-ന് എംബസിയുടെ ഷെല്‍ട്ടറിലെത്തി. 30-ന് രാത്രി 10.30-ന് നാട്ടിലേക്ക് പുറപ്പെട്ടു. 31ന് പുലര്‍ച്ചെ വീട്ടിലെത്തി

Related Articles

Back to top button