2021ൽ 68 ലക്ഷം, 2022ൽ 5 കോടി, സജി ചെറിയാനെതിരെ ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനയെ കൂട്ടുപിടിച്ചാണ് ബിന്ദു കൃഷ്ണ ആരോപണവുമായി രംഗത്ത് വന്നത്. തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ ? 2021ലെ തെരഞ്ഞെടുപ്പ് പത്രികയിൽ 68 ലക്ഷം, 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തൽ… എന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്.2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജി ചെറിയാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. വീടടക്കം അഞ്ചുകോടിയുടെ ആസ്തിയുണ്ടെന്ന് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ സജി ചെറിയാൻ, തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഇതു കാണിക്കാത്തതെന്തെന്ന വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ശക്തമാകുന്നതിടെയാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയത്.സജി ചെറിയാൻ ഇടപെട്ട് അലൈൻമെന്റിൽ മാറ്റം വരുത്തി, ബന്ധുക്കളുടെ വീട് ഒഴിവാക്കി, തുടങ്ങിയ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രംഗത്ത് വന്നിരുന്നു. മന്ത്രിയുടെ വീടിരിക്കുന്ന മുളക്കുഴ പഞ്ചായത്തിൽ സിൽവർലൈൻ അലൈൻമെന്റിൽ മാറ്റംവരുത്തിയെന്ന ആരോപണമാണ് തിരുവഞ്ചൂർ ഉന്നയിച്ചത്. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനു സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ സിൽവർ ലൈൻ അലൈൻമെന്റ് കൊണ്ടുവരട്ടെയെന്നും സജി ചെറിയാൻ വെല്ലുവിളിച്ചിരുന്നു. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വീട് ഏറ്റെടുക്കുമ്പോൾ സർക്കാരിൽനിന്നു കിട്ടുന്ന പണം തിരുവഞ്ചൂർ കൈപ്പറ്റി സൊസൈറ്റിക്കു കൈമാറിയാൽ മതി എന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഇതാണ് ഇപ്പോൾ ബിന്ദു കൃഷ്ണ ഏറ്റെടുത്തിരിക്കുന്നത്.