പച്ചക്കറിക്കടയിലെ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ടു… വഴിയിൽ തടഞ്ഞു നിർത്തിയവർ….

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്നു. സ്കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് കുത്തേറ്റത്. ഇയാളിൽ നിന്നും 20 ലക്ഷത്തോളം രൂപയും സംഘം കവർന്നു. ഇയാളുടെ വയറിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രക്തം വാര്‍ന്നുപോകുന്ന രീതിയിലാണ് തങ്കച്ചനെ കണ്ടതെന്ന് ഇവര്‍ വ്യക്തമാക്കി. തങ്കച്ചനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. പച്ചക്കറിക്കടയിലെ മാനേജരായ തങ്കച്ചൻ ഇന്നത്തെ കളക്ഷനുമായി ഉടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. സംഭവം നടന്നതിന്‍റെ തൊട്ടടുത്ത് ചെങ്കലിൽ തന്നെയാണ് ഉടമയുടെ വീട്. അവിടെയെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്കച്ചന്‍റെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്പ്രേ മുഖത്തേക്കടിച്ചു.

തൊട്ടുപിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ വയറ്റിൽ മൂന്ന് തവണ കുത്തി. തങ്കച്ചൻ താഴെ വീണതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ സീറ്റിനടയിൽ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് തങ്കച്ചനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കുന്നുണ്ട്. 

Related Articles

Back to top button