ബാങ്കിന്റെ ഗ്രില്ലുകളും റിയർ ഡോറും തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്… മോഷ്ടാക്കൾ കൊണ്ടുപോയത്…
എസ്ബിഐയിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയത് ഇടപാടുകാർ പണയംവെച്ച 19 കിലോ സ്വർണം. ചൊവ്വാഴ്ച്ച പുലർച്ചെ തെലങ്കാനയിലെ വാറങ്കലിലെ റായപാർഥി മണ്ടലിലുള്ള എസ്ബിഐ ശാഖയിൽ നടന്ന കവർച്ചയിൽ 13 കോടി രൂപയിലേറെ മൂല്യമുള്ള സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് റിപ്പോർട്ട്. മോഷണം നടന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഇടപാടുകാർ ബാങ്കിന് മുന്നിൽ തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച്ച പുലർച്ചെയാണ് വാറങ്കലിലെ റായപാർഥി മണ്ടലിലുള്ള എസ്ബിഐ ശാഖയിൽ വൻ കവർച്ച നടന്നത്. ബാങ്കിന്റെ ഗ്രില്ലുകളും റിയർ ഡോറും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഇതിന് പിന്നാലെ ലോക്കർ റൂമിലേക്കും ഗ്യാസ് കട്ടർ ഉപയോഗിച്ച് സംഘം കടക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പണയ ഉരുപ്പടികൾ കവർച്ചാസംഘം അടിച്ചുമാറ്റുകയും ചെയ്തു.
രാവിലെ ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് വലിയ രീതിയിൽ കൊള്ളയടിക്കപ്പെട്ട വിവരം മനസിലാക്കിയത്. 13 കോടിയുടെ സ്വർണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് ബാങ്ക് ഓഡിറ്റർ വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം മോഷണ വിവരം അറിഞ്ഞ് ബാങ്കിലേക്ക് എത്തിയ ഇടപാടുകാർ വലിയ രീതിയിൽ ബഹളമുണ്ടാക്കി. ഇവരെ ആരെയും ബാങ്കിന് അകത്തേക്ക് കയറാൻ പൊലീസ് അനുവദിച്ചിട്ടല്ല. ബാങ്കിലെ സിസിടിവി സിസ്റ്റം അടിച്ച് തകർത്ത മോഷ്ടാക്കൾ ഡിജിറ്റൽ വീഡിയോ റെക്കോർഡറും മോഷ്ടിച്ചിട്ടുണ്ട്. ബാങ്കിലേയും പരിസര മേഖലയിലേയും സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.