19 വയസിൽ ഇരട്ട കൊലപാതകം… 30 വർഷം ‘പിടികിട്ടാപ്പുള്ളി’… ഒടുവിൽ ട്വിസ്റ്റ്…

30 വർഷം മുമ്പുള്ള ഇരട്ട കൊലപാതകും കവർച്ചയും, മദ്യ ലഹരിയിലും അമിത ആത്മവിശ്വാസത്തിലും വെളിപ്പെടുത്തിയ അവിനാഷ് (49)നെ ക്രൈംബ്രാഞ്ച് പിടികൂടി. മൂന്ന് പതിറ്റാണ്ട് ഒളിവ് ജീവിതം നയിച്ച അവിനാഷ് കഴിഞ്ഞ ദിവസം ഒരു മദ്യപാന പാർട്ടിക്കിടെയാണ് ഇരട്ട കൊലപാതകവും കവർച്ചയും വീരകൃത്യമായി വെളിപ്പെടുത്തിയത്. പൊലീസ് തന്നെ പിടിക്കില്ലെന്ന ആത്മവിശ്വാസത്തോടെയായിരുന്നു അവിനാഷ് സംഭവം മദ്യ ലഹരിയിൽ വെളിപ്പെടുത്തിയത്.

എന്നാൽ ട്വിസ്റ്റ് അവിടെയായിരുന്നു. മദ്യ പാർട്ടിക്കിടിയിലെ അവിനാഷിന്‍റെ വെളിപ്പെടുത്തൽ ആരോ പൊലീസിലറിയിച്ചതോടെയാണ് പിടിവീണത്. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ് ‘പിട്ടികിട്ടാപ്പുള്ളി’യായിരുന്ന അവിനാഷിനെ കയ്യോടെ പിടികൂടുകയായിരുന്നു.

1993 ഒക്ടോബറിൽ മുംബൈയിലെ ലോണാവാലയിലുള്ള വീട്ടിലാണ് അന്ന് 19 വയസുകാരനായിരുന്ന അവിനാഷ് പവാരും മറ്റ് രണ്ട് പേരും ചേർന്ന് കവർച്ച നടത്തിയത്. കവർച്ചക്കിടെ അവിനാഷ് അടക്കമുള്ള 3 അംഗ സംഘം 55 വയസ്സുള്ള ഗൃഹനാഥനെയും 50 വയസ്സുള്ള ഭാര്യയെയും കൊലപ്പെടുത്തുകയും ചെയ്തു. കേസിൽ അവിനാഷിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 19 കാരനായ അവിനാഷ് ഒളിവിൽ പോയി. പൊലീസ് ഒരുപാട് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

അങ്ങനെ 3 ദശാബ്ദങ്ങളോളം ‘പിടികിട്ടാപ്പുള്ളി’യായി വിലസുന്നതിനിടെയാണ് അവിനാഷ് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ സംഭവം വെളിപ്പെടുത്തിയതും കേസിൽ ട്വിസ്റ്റ് ഉണ്ടായതും. ഇരട്ട കൊലപാതകവും ഒളിവ് ജീവിതത്തിന്‍റെ മുഴുവൻ വിവരങ്ങളും പ്രതി പൊലീസിനോട് വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം ദില്ലിയിലേക്കാണ് മുങ്ങിയത്. ശേഷം മഹാരാഷ്ട്രയിലെ ഔറംഗബാദിലേക്ക് മാറി. അവിടെ മറ്റൊരു പേരിൽ ഡ്രൈവിംഗ് ലൈസൻസ് നേടി. ഔറംഗബാദിൽ നിന്ന്, പവാർ പിംപ്രി-ചിഞ്ച്‌വാഡിലേക്കും അഹമ്മദ്‌നഗറിലേക്കും പോയി, ഒടുവിൽ മുംബൈയിലെ വിക്രോളിയിൽ സ്ഥിരതാമസമാക്കി. ഇതിനിടെ തന്‍റെ പുതിയ പേരിൽ ആധാർ കാർഡ് നേടുകയും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. 1993 ൽ ഒളിവിൽ പോയതിന് ശേഷം ഒരിക്കലും ജന്മസ്ഥലമായ ലോണാവാല സന്ദർശിച്ചിട്ടില്ലെന്നും അമ്മയുമായോ ബന്ധുക്കളുമായോ ഒരു തരത്തിലുള്ള ബന്ധപ്പെടലും നടത്തിയിട്ടില്ലെന്നും അവിനാഷ് വ്യക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.

താൻ ഇനി ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മദ്യപാന പരിപാടിക്കിടെയാണ് അവിനാഷ് ഇരട്ട കൊലപാതകത്തിന്റെയും കവർച്ചയുടെയും കാര്യം വെളിപ്പെടുത്തിയത്. ഈ വിവരം പാർട്ടിയിലുണ്ടായിരുന്ന ഒരാൾ മുംബൈ ക്രൈംബ്രാഞ്ചിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടറും എൻകൗണ്ടർ സ്പെഷ്യലിസ്റ്റുമായ ദയാ നായക്കിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ വെള്ളിയാഴ്ച വിക്രോളിയിൽ നിന്ന് അറസ്റ്റ് ചെയ്യ്തത്.

Related Articles

Back to top button