18 സ്പെഷ്യൽ ട്രെയിനുകൾ,179 സിസിടിവികൾ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം….

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. 

പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുക. രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 44 ഫയർ റസ്‌ക്യൂ എൻജിനുകൾ സജ്ജമാക്കും. ഹൈ പ്രഷർ പമ്പിംഗ് യൂണിറ്റും സജ്ജമാക്കും.

Related Articles

Back to top button