17 വർഷം കാത്തിരുന്നു.. ഇനി വയ്യ.. കാണാമറയത്ത് മറഞ്ഞ മകനെ കാണാതെ ആ അച്ഛനും…

ആലപ്പുഴ: 17 വർഷങ്ങൾക്കു മുൻപ് ആലപ്പുഴ നഗരത്തിൽനിന്നു കാണാതായ ഏഴുവയസ്സുകാരൻ രാഹുലിന്റെ അച്ഛനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡിൽ രാഹുൽനിവാസിൽ എ.ആർ. രാജു (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. ഭാര്യ മിനി ജോലിക്കുപോയിരുന്ന സമയത്താണു സംഭവമെന്ന് പോലീസ് പറഞ്ഞു. മകൾ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിൽ പോയിരുന്നു.

ഇവർ തിരിച്ചെത്തി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. സമീപത്തെ വീട്ടിൽനിന്ന് ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകീട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികൾ പറഞ്ഞു.

2005 മേയ് 18നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്.
സംഭവത്തെത്തുടർന്ന് ഗൾഫിൽനിന്നു മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരിയാണ് ഭാര്യ മിനി. മകൾ ശിവാനി ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

Related Articles

Back to top button