പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവം.. കേസില്‍ ട്വിസ്റ്റ്!.. ഉത്തരവാദി അപകടത്തില്‍ മരിച്ചെന്ന മൊഴി പച്ചക്കള്ളം….

പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ട്വിസ്റ്റ്. ഗര്‍ഭിണിയാക്കിയ പ്രതി അപകടത്തില്‍ മരിച്ചെന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി സത്യമല്ലെന്നു തെളിഞ്ഞു. കൂട്ട ബലാത്സംഗമാണ് നടന്നത്. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായാണു സൂചന. മൂന്ന് ആഴ്ച മുന്‍പാണ് പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പീഡിപ്പിച്ച യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാള്‍ കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടി നുണ പറയുകയായിരുന്നു.

പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. വാടക നല്‍കാത്തതിനാല്‍ വീട് ഒഴിഞ്ഞു. അതിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസവ ശേഷം അതിജീവിത നവജാത ശിശുവുമായി യാത്ര ചെയ്യുന്നതു കണ്ട് സാമൂഹിക പ്രവര്‍ത്തകന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.പിന്നീട് പെണ്‍കുട്ടിയും കുഞ്ഞും ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഇതിനിടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. രഹസ്യ പ്രസവത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരിയില്‍ എത്തിയതെന്നും സൂചനകളുണ്ട്.

കുടുംബത്തിന്റെ സംരക്ഷണയില്‍ നിന്നും അതിജീവിതയെ സുരക്ഷിത സ്ഥാനത്തേക്ക് പോലീസ് മാറ്റി. ഇതിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയെന്നാണ് സൂചന.

Back to top button