15 കാരൻ ജ്യേഷ്ഠന്റെ മകനെ എച്ച്.ഐ.വി ബാധിതയായ 23കാരി ലൈംഗികാതിക്രമത്തിനിരയാക്കി
എയ്ഡ്സ് രോഗം പടർത്താനായി ബന്ധുവായ ആൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ
23കാരിയായ യുവതി അറസ്റ്റിൽ. 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്.ഐ.വി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. യുവതിയുടെ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു. യുവതിയും എച്ച്ഐവി പോസിറ്റീവാണ്.
ഭർത്താവിന്റെ ജ്യേഷ്ഠന്റെ മകനെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിൽ ഭർത്താവിന്റെ മരണശേഷം യുവതി സ്വദേശമായ ഉത്തർപ്രദേശിലേക്ക് മടങ്ങി. ഹോളിയോട് അനുബന്ധിച്ച് കേസിലെ ഇരയായ 15കാരനും ഉത്തർപ്രദേശിലെത്തിയിരുന്നു. ഈ സമയത്താണ് യുവതി കുട്ടിയെ ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ദിവസങ്ങൾക്ക് ശേഷം യുവതി ഉദ്ദംസിങ് നഗറിലെ വീട്ടിലെത്തി. ഇവിടെവെച്ചും പലതവണ 15കാരനെ ലൈംഗികാതിക്രമത്തിനിരയാക്കി.
സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഏപ്രിൽ രണ്ടാം തീയതി 15കാരന്റെ അമ്മ യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് നേരിൽ കാണുകയായിരുന്നു. തുടർന്ന് മകനോട് കാര്യം തിരക്കിയപ്പോൾ കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് 15 കാരന്റെ മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.