15കാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു…. 49കാരന് 34 വര്‍ഷം തടവ്….

പതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്തമുച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദറിനെ (49) ആണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. പോക്സോ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിന് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ഒടുക്കണം. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരുമാസം വിതം അധിക തടവ് അനുഭവിക്കണം.

2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം ഹനീഫയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമ സുന്ദരന്‍ ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Articles

Back to top button