140 ന്യൂസ് എക്സിറ്റ് പോളിൽ കേരളം വലത്തോട്ട് തന്നെ… ബി.ജെ.പിക്ക് – അകൗണ്ട്… ഇടത് – നില മെച്ചപ്പെടുത്തും… ഭാരതത്തിൽ…
കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്ന് പ്രതികരണം അറിയിച്ച 13019 വായനക്കാരുടെ പ്രതികരണമാണ് 140 ന്യൂസിന്റെ എക്സിറ്റ് പോൾ. ഏറെ പ്രതികരണം ഉണ്ടായത് തിരുവനന്തപുരം, ആലപ്പുഴ, വടകര, തൃശൂർ മണ്ഡലങ്ങളിൽ നിന്നാണ്. എന്നാൽ പ്രതീക്ഷക്ക് വിരുദ്ധമായി കുറവ് പ്രതികരണം ഉണ്ടായത് വയനാട് മണ്ഡലത്തിൽ നിന്നാണ്. ഇവിടെ പ്രതികരിച്ച 84 ശതമാനം ആളുകളും രാഹുൽ ഗാന്ധി ജയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദേശീയ തലത്തിൽ ബി.ജെ.പി മുന്നേറ്റം തന്നെയാണ് പ്രതികരണങ്ങളിൽ വന്നിട്ടുള്ളത്. 13019 പ്രതികരണങ്ങൾ വന്നതിൽ 8561 പേരും ബി.ജെ.പി അധികാരത്തിൽ വരും എന്നാണ് വിശ്വസിക്കുന്നത്. 4344 പേർ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി എന്ന് പ്രതികരിച്ചത്. 114 പേർ മറ്റ് കക്ഷികൾ എന്നും അഭിപ്രായം രേഖപ്പെടുത്താതെയും പോയി.
കേരളത്തിൽ ഇത്തവണ ബി.ജെ.പി അകൗണ്ട് തുറക്കുമെന്നാണ് ഞങ്ങൾക്ക് ലഭിച്ച സർവ്വേ ഫലം പ്രകാരം വിലയിരുത്താൻ കഴിയുന്നത്. ഒരു സീറ്റ് ലഭിക്കുന്നതിനോടൊപ്പം രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും, പ്രതികരിച്ച വായനക്കാരുടെ പ്രതികരണം വ്യക്തമാക്കുന്നു. കേരളത്തിൽ 20-20 തരംഗം നേടി വിജയിക്കാനുള്ള കോൺഗ്രസ് മോഹം പൂവണിയില്ല എന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് – 2 യു.ഡി.എഫ് 17 സീറ്റുകൾ നേടുമെന്നാണ് 140 ന്യൂസ് എക്സിറ്റ് പോൾ പ്രവചനം.
NB – ഈ പ്രവചനം 140 ന്യൂസിന്റെ 13019 വായനക്കാരുടെ അഭിപ്രായം അനുസരിച്ച് തയ്യാറാക്കിയതാണ്. ഇത് യഥാർത്ഥ ഫലമായി കണക്കാക്കാനാവില്ല.