പള്ളിക്കുളത്തിനു സമീപം ചെരിപ്പും ഡ്രെസ്സും മൊബൈൽ ഫോണും, കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തിൽ..

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തി. വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് റസലിനെയാണ് (14) മുങ്ങി മരിച്ച നിലയിൽ പള്ളിക്കുളത്തിൽ കണ്ടെത്തിയത്. ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളിയുടെ പള്ളിക്കുളത്തിലാണ് മൃതദേഹം കണ്ടത്.

സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ റസൽ മുങ്ങി മരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ കുട്ടിയുടെ മൊബൈൽ ചുള്ളിപ്പാടം പരിസരത്തെ ടവർ ലൊക്കേഷനിൽ ഉള്ളതായി കണ്ടെത്തി. തുടർന്നാണ് പോലീസും നാട്ടുകാരും മറ്റും പരിശോധന നടത്തിയത്. പള്ളിക്കുളത്തിനു സമീപം ചെരിപ്പും ഡ്രെസ്സും മൊബൈൽ ഫോണും കണ്ടതിനെ തുടർന്ന് സമീപത്തെ സിസിടിവി പരിശോധന നടത്തി റസലും കൂട്ടുകാരനും ചേർന്ന് കുളിക്കാൻ വരുന്നതും കൂട്ടുകാരൻ പിന്നീട് ഓടി പോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി.

പുലർച്ചെ 1.30 ന് ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ തെരച്ചിൽ നടത്തി തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടയിൽ റസൽ കുളത്തിൽ മുങ്ങിത്താഴ്ന്നു. ഇതു കണ്ട കൂട്ടുകാരൻ ഭയന്നു ഓടിപ്പോകുകയും വിവരം പുറത്തു പറയാതിരിക്കുകയുമായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button