14 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച 32 കാരന് 60 വർഷം തടവ് 4.5 ലക്ഷം പിഴയും….

പത്തനംതിട്ട : പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി കോളഭാഗം, പരുത്തി മുക്ക്, കുഴിക്കാലായിൽ ചന്ദ്രൻ മകൻ ശ്രീജിത് ചന്ദ്രനെ (32)യാണ് കോടതി 60 വർഷം കഠിന തടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിന തടവ് അനുഭവിക്കമം.
പോക്സോ ആക്ടിലേയും ഇന്ത്യൻ പീനൽ കോഡിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2020 കാലയളവിൽ പ്രതി, കോയിപ്രം വില്ലേജിലെ കുറവൻ കുഴി, പുലി കല്ലുംപുറത്ത് മേമന വീട്ടിൽ വാടകയ്ക്ക് താമസിക്കവേയാണ് പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചത്. പതിനെട്ടു വയസാകുമ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനായിരുന്ന പ്രതി ഭാര്യയുമായി പിണക്കത്തിലാണെന്നും അവർക്ക് കുട്ടികളുണ്ടാകാത്ത കാരണം വിവാഹ ബന്ധം ഉടനെ വേർപെടുത്തുമെന്നും പറഞ്ഞാണ് പെൺകുട്ടിയുമായി അടുത്തത്.

പെൺകുട്ടിയുടെ വീട്ടിലെ മറ്റംഗങ്ങളുമായി പ്രതി സ്നേഹബന്ധം സ്ഥാപിച്ചിരുന്നു. ഈ അടുപ്പം മുതലെടുത്ത് വീട്ടിലെ സന്ദർശകനായും സഹായകനായും മാറി. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറുകയും ലൈംഗിക ബന്ധം പുലർത്തുകയും ചെയ്തു. ഒരു ദിവസം രാത്രിയിൽ ജനലരികിൽ അപരിചിത ശബ്ദം കേട്ടുണർന്ന പെൺകുട്ടിയുടെ സഹോദരൻ പ്രതിയെ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് വീട്ടുകാർ പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കോയിപ്രം പൊലീസിൽ വിവരം അറിയിച്ചു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button