13കാരി പാത്തൂട്ടി ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം…അബ്ദുൾ ഗഫൂറിനെ കൊന്നത്…
കാസര്‍കോട് പൂച്ചക്കാട് പ്രവാസി വ്യവസായിയായ അബ്ദുള്‍ ഗഫൂറിനെ മന്ത്രവാദിനി ഷമീനയും കൂട്ടരും കൊലപ്പെടുത്തിയത് തല ഭിത്തിയില്‍ ഇടിച്ചെന്ന് ഡിവൈഎസ്പി കെ ജെ ജോണ്സണ്. ആസൂത്രിതമായാണ് അബ്ദള്‍ ഗഫൂറിനെ സംഘം കൊലപ്പെടുത്തിയത്. മന്ത്രവാദത്തിലൂടെ കൈക്കലാക്കിയ സ്വര്‍ണം തിരിച്ച് നല്‍കണമെന്നായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഷമീന മന്ത്രവാദവും ആഭിചാരവും സ്ഥിരമാക്കിയ ആളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പാത്തൂട്ടി എന്ന പതിമൂന്ന് വയസുകാരി ഏര്‍വാടിയില്‍ നിന്ന് തന്റെ ശരീരത്തില്‍ കയറിയെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ മന്ത്രവാദം നടത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ജ്വല്ലറികളില്‍ തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു.