പാലെന്ന് കരുതി കുടിച്ചത് കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ… 13 മാസം പ്രായമുള്ള കുഞ്ഞിന്റെ വായയും ശ്വാസനാളവും ഉരുകി, ശബ്ദം..

13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. യുകെയിലെ ബർമിംഗ്ഹാമിൽ ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് അപകടം സംഭവിച്ചത്. ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കുളിമുറി വൃത്തിയാക്കുന്നതിനിടെ അമ്മ വെളുത്ത കുപ്പി നിലത്ത് വെച്ചിരുന്നു. കുപ്പി പാൽ എന്ന് തെറ്റിദ്ധരിച്ച സാം അത് കുടിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ചുണ്ടും വായയും ശ്വാസനാളവും ഉരുകിത്തുടങ്ങുകയും, ആന്തരിക അവയവങ്ങൾക്കും വലിയ ക്ഷതങ്ങൾ വരികയും ചെയ്തു. സംഭവം നടന്നപ്പോൾ കുട്ടിക്ക് സംസാരിക്കാനോ ശ്വാസം എളുപ്പമായി എടുക്കാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് പിതാവ് നദീൻ അൽഷാമേരി പറഞ്ഞു.

കുട്ടിയെ ഉടന്‍ തന്നെ ബർമിംഗ്ഹാം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ആദ്യം കുട്ടിയുടെ മൂക്കിലൂടെ ഫീഡിംഗ് ട്യൂബ് ഇട്ടെങ്കിലും പിന്നീട് ഡോക്ടർമാർ മൂക്കിലൂടെയുള്ള ഫീഡിംഗ് ട്യൂബ് നീക്കം ചെയ്യുകയും വയറ്റിൽ ഒരു സ്ഥിരമായ ട്യൂബ് ഘടിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്‍റെ വായ അടഞ്ഞുപോകാൻ തുടങ്ങിയിരിക്കുന്നുവെന്നും, ഭക്ഷണമോ പാനീയമോ വിഴുങ്ങുന്നതിൽ നിന്ന് അവനെ തടയുന്ന ഒരു ചെറിയ ദ്വാരം മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നും ഡോക്ടർമാര്‍ പറയുന്നു.

കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചെങ്കിലും ഏറ്റവും അടുത്ത് തന്നെ ഒരു ശസ്ത്രക്രിയയ്ക്കായി എത്താനും ഡോക്ട‍ർമാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ചില ഡോക്ട‍ർമാര്‍ ശസ്ത്രക്രിയ സാധ്യമാണെന്ന് പറയുമ്പോൾ മറ്റ് ചിലര്‍ ആദ്യത്തെ സംഭവമായതിനാല്‍ ആശങ്കയിലാണെന്നും നദീർ പറയുന്നു.

ചികിത്സാ ചിലവ് കൂടുതലായതിനാൽ കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി കുടുംബം GoFundMe ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഭാവിയിലെ ശസ്ത്രക്രിയകൾക്കും ദീർഘകാല ചികിത്സയ്ക്കുമായി ഉപയോഗിക്കാനാണ് പദ്ധതി.

Related Articles

Back to top button