കാട്ടിലേക്ക് പോയ സിന്ധുവിനെ കാണാതായിട്ട് പതിമൂന്ന് ദിവസം…ഇന്ന്…
കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധു എന്ന യുവതിയെ കാണാതായിട്ട് 13 ദിവസം. ഇതുവരെ നടത്തിയ തിരച്ചിലിൽ വനംവകുപ്പിന് യാതൊരു സൂചനകളും ലഭിച്ചില്ല.
ഇന്നും സിന്ധുവിനായി വനംവകുപ്പ് സംയുക്ത തിരച്ചിൽ നടത്തും. വനത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ്, ഉൾക്കാടുകളിൽ അടക്കം തിരയും. പൊലീസിന്റെ നേതൃത്വത്തിലും പരിശോധന ഉണ്ടാകും.സന്നദ്ധ സംഘടനകളും തിരച്ചിലിൽ പങ്കെടുക്കും.ഡിസംബര്‍ 31നാണ് സിന്ധുവിനെ കാണാതായത്. പതിവ് പോലെ വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു സിന്ധു. എന്നാല്‍ മടങ്ങിവന്നില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യഘട്ടത്തില്‍ പൊലീസോ വനംവകുപ്പോ പരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിന് ഇറങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെ പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി യോഗം ചേര്‍ന്ന് ഉള്‍വനത്തില്‍ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.