ഒന്നും രണ്ടുമല്ല.. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍.. എല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍…
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് റിപ്പോര്‍ട്ട്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് സമര്‍പ്പിച്ചത്.മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മിക്കപരാതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗര്‍ഭച്ഛിദ്ര പരാതി ഉന്നയിച്ച യുവതിയില്‍ നിന്നും വിവരം ശേഖരിച്ച് തുടര്‍ നടപടിയിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗര്‍ഭച്ഛിദ്ര ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇവര്‍ മൊഴി നല്‍കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍.
രാഹുല്‍ മോശമായി പെരുമാറിയെന്ന റിനി ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കര്‍ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പടുത്തും. നിലവില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.