13 മാസത്തിനിടെ ഉത്തർപ്രദേശിലെ ബറേലിയില് ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടു.
മരിച്ചവരെല്ലാം 40 നും 65 വയസ്സിനുമുടയിൽ പ്രായമുള്ളവർ.
എല്ലാവരെയും സാരി കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ച് കൊന്നു
എല്ലാ സ്ത്രീകളെയും കൊന്നത് ശ്വാസം മുട്ടിച്ചാണ്. മിക്കവരെയും അവർ ധരിച്ചിരുന്ന സാരി കഴുത്തിൽ ചുറ്റിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് 2023 ൽ ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് പൊലീസ് സ്റ്റേഷൻ പരിധികളിലാണ്. കരിമ്പ് പാടത്ത് വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. പക്ഷേ ലൈംഗികാതിക്രമം നടന്നിട്ടില്ല. എല്ലാവരെയും അവർ ധരിച്ച സാരി കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ച് കൊന്നുവെന്നതാണ് എല്ലാ കൊലപാതകങ്ങളെയും സമാനമാക്കുന്ന പ്രധാന ഘടകം.
മൂന്ന് കൊലപാതകങ്ങൾ 2023 ജൂണിലും ഒരോന്ന് വീതം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും രണ്ട് കൊലപാതകങ്ങൾ നവംബറിലുമാണ് നടന്നത്. എട്ടാമത്തെ കൊലപാതകത്തിന് ശേഷം 300 പൊലീസുകാരെ 14 സംഘങ്ങളായി തിരിച്ച് മഫ്തിയിൽ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവർ പ്രദേശത്ത് പട്രോളിങ് നടത്തുകയും ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കുകയും ചെയ്ത് വന്നു. കുറേ കാലത്തേക്ക് പിന്നീട് കൊലപാതകങ്ങളുണ്ടായില്ല. ഇതോടെ നാട്ടുകാരും പൊലീസ് സേനയും ഒരുപോലെ ആശ്വസിച്ചു.
എന്നാൽ ഒമ്പതാമത്തെ കൊലപാതകം ജൂലൈയിൽ നടന്നതോടെ നാടാകെ ഞെട്ടിയിരിക്കുകയാണ്. എട്ടാമത്തെ കൊലപാതകം നടന്ന് ഏഴ് മാസത്തിന് ശേഷമാണ് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. 45 കാരി അനിതയെയാണ് കരിമ്പ് തോട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ജൂലൈ രണ്ടിന് ബാങ്കിലേക്ക് പോയതായിരുന്നു അനിത. പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന സാരികൊണ്ട് ശ്വാസം മുട്ടിച്ചാണ് അനിതയെയും കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഒമ്പത് കൊലപാതകങ്ങൾക്കും പിന്നിൽ ഒരാളാകാമെന്ന അനുമാനത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ സമാനസ്വഭാവമാണ് സീരിയൽ കില്ലറെന്ന സംശയം ബലപ്പെടുത്തുന്നത്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലത്തെ ആളുകളുമായി സംസാരിച്ചതിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഛായാ ചിത്രം പൊലീസ് പുറത്തുവിട്ടു. സാരി കില്ലർ എന്നാണ് അജ്ഞാതനായ കൊലയാളി ഇപ്പോൾ അറിയപ്പെടുന്നത്. സംശയം തോന്നിയാൽ വിളിക്കാനുള്ള ഫോൺ നമ്പറുകളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.