കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം…12 വയസുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റും…
കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ 12 വയസുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുന്നോടിയായി പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും. കുട്ടിയെ ഇനി വിശദമായി ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.
പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് പെരുമ്പള്ളർ ജില്ലയിലെ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും ഏകമകളാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. ക്വാർട്ടേഴ്സിലെ നടുമുറിയിൽ ഇവർക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. രാത്രി അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റിൽ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.