കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി.. ശ്വാസ തടസ്സം..12-കാരന്…
കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ 12-കാരന് രക്ഷകരായി പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ്. പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിൻ്റെ മകനാണ് അപകടത്തിൽപ്പെട്ടത്.
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഇത് അഴിച്ചുമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും വേദന കാരണം സാധിച്ചില്ല. ശ്വാസ തടസ്സവും അനുഭവപ്പെട്ടതോടെയാണ് അവർ ട്രോമാ കെയർ യൂണിറ്റിൻ്റെ സഹായം തേടിയത്.
തുടർന്ന് സ്ഥലത്തെത്തിയ പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ് അതീവ ശ്രദ്ധയോടെ ബെൽറ്റ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. സമയബന്ധിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഒഴിവായത്.