തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക്… അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന്….

യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിൽ എല്ലാവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തി. സംഭവം കണ്ട് കണ്ടക്ടർ സുനിൽ സമയോചിതമായി ഇടപെട്ടു. കുഞ്ഞിന്‍റെ അവസ്ഥയും മാതാപിതാക്കളടക്കം വലിയതോതിൽ വിഷമിക്കുന്നതും കണ്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂർ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവർ പ്രേമൻ ബസ് തിരിച്ച് വി.പി.എസ് ലേക്‌ഷോറിലേക്ക് കുതിച്ചു.
കെ.എസ്.ആർ.ടി.സി ബസ് ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. പാഞ്ഞെത്തിയ ബസ് ആശുപത്രി മുറ്റത്ത് നിർത്തി. കാര്യം മനസിലാക്കിയ ആശുപത്രി ജീവനക്കാർ കുഞ്ഞിനെയുമെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവിൽ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന് കീഴിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ബസിൽ വെച്ച് വലിയ തോതിൽ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനിൽക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും അച്ഛൻ പറഞ്ഞു. അതുകണ്ട് തങ്ങൾ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോൽ കുഞ്ഞിന്‍റെ കൈയിൽ പിടിപ്പിച്ചു. ബസുകാർ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.



