1.5 ലക്ഷം മുടക്കി, മൈക്ക് നാട്ടിലെത്തി
മൈക്കിനെ നാട്ടിലെത്തിക്കാൻ ഒന്നര ലക്ഷത്തിലേറെ രൂപ ചെലവായി. ആ മിണ്ടാപ്രാണിയെ ഉപേക്ഷിച്ചുപോരാൻ എനിക്കോ ഭാര്യ സിമ്മിക്കോ മക്കൾക്കോ സാധിക്കില്ലായിരുന്നു. ആദ്യം ദുബായിയിൽ നിന്ന് മുംബൈയിലാണ് മൈക്കിനെ എത്തിച്ചത്. ആരോഗ്യ പരിശോധനകൾക്കുശേഷം കൊച്ചിയിലെത്തിച്ചു-ബിനു പറഞ്ഞു. മൈക്ക് എത്തിയതോടെ സന്തോഷത്തിലാണ് ബിനുവിന്റെ മക്കളായ മേഘയും സോണയും സാഗറും.മാൾട്ടീസ് വംശത്തിൽപ്പെട്ടമൈക്ക് എന്ന മൂന്നു വയസ്സുകാരന്റെ അച്ഛനും അമ്മയും യൂറോപ്പിലെ മാൾട്ട രാജ്യക്കാരാണ്. ജനിച്ചത് അറേബ്യയിലെ കൊട്ടാരത്തിൽ. ഇനി വളരുന്നത് കൊച്ചിയിൽ. ഇടപ്പള്ളിയിൽ താമസിക്കുന്ന അങ്കമാലി കുത്തിയതോട് തച്ചിൽ വീട്ടിൽ ബിനു ആന്റണിയും കുടുംബവും ദുബായിയിലെ ഒരു കൊട്ടാരത്തിൽ നിന്നാണ് ഒരു ലക്ഷത്തിലേറെ രൂപ നൽകി മൈക്കിനെ വാങ്ങുന്നത്. ആസമയത്ത് ഗൾഫിൽ ജോലിചെയ്യുകയായിരുന്നു ബിനു.നാട്ടിലേക്കു പോരാൻ ശ്രമിച്ചപ്പോഴാണ് നിയമപ്രശ്നങ്ങൾ തലപൊക്കിയത്. ആദ്യം നാട്ടിലെത്തിയ ബിനു കുടുംബത്തിനൊപ്പം മൈക്കിനെ കൊണ്ടുവരാമെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഉടമസ്ഥാവകാശം ബിനുവിന്റെ പേരിലായിരുന്നതിനാൽ അയാൾ ഇല്ലാതെ മൈക്കിനെ ഇന്ത്യയിലേക്ക് അയയ്ക്കാനാകില്ലെന്നായിരുന്നു യു.എ.ഇ. നിലപാട്.കോവിഡിന്റെ തുടക്കകാലമായതിനാൽ ബിനുവിന് അങ്ങോട്ട് പോകാനായില്ല. സുഹൃത്തായ വിജയിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി അവനെ നാട്ടിലെത്തിക്കാനായി ശ്രമം. അതും അവസാന നിമിഷം മറ്റൊരു നിയമപ്രശ്നത്തിൽ കുടുങ്ങി. ഇതോടെ ബിനുവിന്റെ കുടുംബത്തിന് തത്‌കാലം മൈക്കില്ലാതെ നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. നാട്ടിലെത്തിയിട്ടും മൈക്കിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടർന്നു. ആസമയത്ത് യു.എ.ഇ.യിൽ മൈക്കിനെ പരിപാലിക്കാൻ വിജയ് ഒരു മാസത്തോളം ഓഫീസിൽനിന്ന് അവധിയെടുത്തു. തുടർന്ന്, നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ച് നാട്ടിലേക്കു കൊണ്ടുവരുകയായിരുന്നു.