വിനയത്തിന്റെ മാതൃകയുമായി പാദക്ഷാളനം; അന്ത്യത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

ഇസ്രായേൽ ജനതയുടെ മോചനചരിത്രവും ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായ വിശുദ്ധ കുർബാനയുടെ സ്ഥാപനവും സംഗമിക്കുന്ന പുണ്യദിനമാണ് പെസഹാ വ്യാഴം. അടിമത്തത്തിന്റെ നുകം തകർത്ത് സ്വാതന്ത്ര്യത്തിലേക്ക് ‘കടന്നുപോയ’ പാരമ്പര്യത്തെ സ്മരിക്കുന്ന യഹൂദ പെസഹായ്ക്ക്, യേശുക്രിസ്തു തന്റെ ആത്മബലിയിലൂടെ പുതിയൊരു അർത്ഥതലമാണ് നൽകിയത്. യേശു തന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും മുൻപ് ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യത്താഴമാണ് ക്രൈസ്തവ സഭകളിൽ ഈ ദിനത്തെ സവിശേഷമാക്കുന്നത്. ചരിത്ര സംഭവത്തിൻ്റെ അനുസ്മരണത്തിന് അപ്പുറം, മനുഷ്യരാശിയെ പാപത്തിൻ്റെ അടിമത്തത്തിൽ നിന്ന് നിത്യജീവന്റെ പ്രകാശത്തിലേക്ക് നയിച്ച വലിയൊരു കടന്നുപോക്കാണ് ക്രൈസ്തവർക്ക് പെസഹാ വ്യാഴം.



