ഹോളി ആഘോഷം… വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു….
ഹോളി ആഘോഷങ്ങൾക്കിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആറ് പേര്‍ക്ക് പരിക്ക്. ഈസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഒരു വീടിന്റെ മേൽക്കൂരയിൽ നടന്ന ആഘോഷമാണ് വലിയ അപകടത്തിൽ കലാശിച്ചത്. വീടിന്റെ പരിസരത്തു കൂടി കടന്നുപോവുകയായിരുന്ന ഹൈ ടെൻഷൻ ലൈനിൽ ആഘോഷങ്ങൾക്കിടെ സ്പർശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിലെ മന്താവലി പൊലീസ് സ്റ്റേഷനിലാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. 112ൽ ഒരാൾ വിളിച്ച് അപകട വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പിന്നാലെ സ്ഥലത്തെത്തി. പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.